പുസ്തക നിരൂപണം: സി.എസ്. ചന്ദ്രികയുടെ നോവൽ ‘പിറ’

pira

ഒരു നോവലിനെ അങ്ങേയറ്റം സ്വീകാര്യമാക്കുന്നത് എന്താണ്? കഥ, ആഖ്യാനശൈലി, കഥാഗതിയെ മാറ്റിമറിക്കുന്ന അവിചാരിതമായ മുഹൂർത്തങ്ങൾ, ശക്തമായ കഥാപാത്രങ്ങൾ, അവരിലെ വൈരുദ്ധ്യങ്ങൾ, അവരുടെ വികാരവിക്ഷോഭങ്ങൾ – ഇവയിലേതും ഒരു നോവലിനെ മികവുറ്റതാക്കാം. എന്നാൽ ഒരു നോവലിന്റെ യഥാർത്ഥ വിജയം മനുഷ്യ ജീവിതവുമായുമായുള്ള അതിന്റെ സാദൃശ്യത്തിലാണെന്നു ഞാൻ വിശ്വസിക്കുന്നു. ‘ഇത് എന്റെയും കൂടെ കഥയാണ്’ എന്നു ഓരോ വായനക്കാരെയും വിശ്വസിപ്പിക്കുന്ന എഴുത്തുകാരുടെ മായാജാലം. ‘പിറ’ എനിക്ക് സമ്മാനിച്ച വായനാനുഭവം അത്തരത്തിൽ ഒന്നായിരുന്നു.

‘ചിത്ര’യുടെ ജീവിതത്തിലെ എത്രയോ അനുഭവങ്ങളിലൂടെ നമ്മളും കടന്നു പോയിരിക്കുന്നു. ഒരച്ഛന്റെ സംരക്ഷണയില്ലാതെ വളരുന്ന കുടുംബങ്ങൾ. മക്കൾക്ക് വേണ്ടി നിസ്സ്വാർത്ഥമായി ജീവിക്കുകയും, അവരുടെ നല്ല ഭാവി സ്വപ്നം കാണുകയും, അതിനായി നിരന്തരം പ്രയത്‌നിച്ചു ക്ഷയിക്കുകയും ചെയുന്ന ‘ലക്ഷ്മി’യെ പോലുള്ള അമ്മമാർ. കുടുംബത്തിനത്താണിയായി,സ്വയം ജീവിക്കാൻ മറക്കുന്ന ‘അജയ’ന്മാർ. രാഷ്ട്രിയവും കള്ളും തുലയ്ക്കുന്ന ‘ദിനേശ’ന്മാർ, ‘മോനു’. സ്ത്രീധന സംഭ്രതായതിന്റെയും ഗാർഹീകപീഡനത്തിന്റെയും ഇരകളായി ‘നീന’,’അനിത’. അങ്ങനെ എത്രയോ ജീവിതഗന്ധിയായ കഥാപാത്രങ്ങൾ!

നമ്മുക്കൊപ്പം കളിച്ചു വളരുകയും, പാടുകയും, നൃത്തമാടുകയും, പ്രണയിക്കുകയും, സ്വപ്നം കാണുകയും,പിന്നീട് നൈരാശ്യത്തിലേക്ക് ആണ്ടുപോവുകയും ചെയുന്ന അനേകായിരം പെണ്മനസ്സുകളുടെ പ്രതിനിധിയായി ‘ചിത്ര’. അവളുടെ പ്രണയങ്ങൾ പലതും ഈ ലോകത്തിനു അനുചിതമായിരുന്നു. ഒരു വിധവയുടെ വികാരങ്ങളെ പോലെ അവളും തന്റെ വികാരങ്ങൾ ഉള്ളിൽ ഒതുക്കി നടന്നതേയുള്ളു.കാരണം,

“പട്ടിണികിടക്കുമ്പോൾ അന്വേഷിക്കാൻ വരാത്തവർ പ്രേമിക്കൂന്നറിഞ്ഞാൽ ആ നിമിഷം ഓടിവരും. അമ്മയുടെ വളർത്തു ദോഷങ്ങൾ പാടിപരത്തും.”

എന്നാൽ അവൾ പഠിച്ചു, ജോലി സമ്പാദിച്ചു. ഇന്നത്തെ ഏതൊരു ശരാശരി മലയാളി യുവതിയെയും പോലെ.അഭിപ്രായ സ്വാതത്ര്യവും, വ്യക്തിസ്വാതന്ത്ര്യവും അവകാശപ്പെടുന്ന അവളെ വിശ്വസിച്ച പ്രസ്ഥാനവും, സ്നേഹിച്ച കുടുംബവും നിരാശപ്പെടുത്തുന്നു. പക്ഷെ, ഈ കഥ അവളുടെ നൈരാശ്യത്തിന്റേതു മാത്രമല്ല; നിഷേധത്തിന്റെയും, തിരിച്ചുവരവുകളുടേതും കൂടെയാണ്.

“ഈശ്വരന്മാർക്കു വേണ്ടെങ്കിലും മരിയ്ക്കോളാം നമ്മക്കീ ഭൂമീല് ജീവിക്കണ്ടേ!”

തൃശൂർ സംസാരശൈലിയിൽ കുറിച്ചിട്ടുള്ള ലളിതമായ സംഭാഷണങ്ങളാണ് നോവലിൽ ഉടനീളം. കദീജുമ്മയുടെ സംസാരവും ഞാൻ നന്നേ ആസ്വദിച്ചു. ഒരു നാടിന്റെ താളവും ചൂരും കഥയിലേക്ക്‌ കൊണ്ടുവരാൻ ഈ സംഭാഷണങ്ങൾ കഥാകൃത്തിനെ സഹായിച്ചിട്ടുണ്ട്.

ഭാഷയ്ക്കും കഥാപാത്രങ്ങൾക്കുമപ്പുറം, മനസ്സിന് കുളിർമയേകുന്ന ബന്ധങ്ങളും ഈ നോവലിലുണ്ട്. രാമന്റെയും ലക്ഷ്മിയുടെയും ഹ്രിസ്വമായ വൈവാഹികജീവിതവും, സാരിത്തലപ്പ് കൊണ്ട് കണ്ണീരുമറച്ചു ചിത്രയോർക്കുന്ന ചന്ദ്രൻമാമനും, അമ്പിളിയുടെ വീട്ടുകാരെ സ്വന്തം കുടംബത്തെ പോലെ സ്നേഹിക്കുന്ന വേണുവും, 22 വർഷത്തെ തണലിനും സൗഹൃദത്തിനുമപ്പുറം ‘ഓട് വാർത്ത വീടെന്ന’ ചിത്രയുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന അവളുടെ പുളിമരവുമെല്ലാം സ്നേഹവും, നഷ്ടബോധവും, ഓർമകളും കൊണ്ട് നമ്മുടെ നെഞ്ച് എരിക്കും.

ക്രൂരമായ കൈകളാണ് ചിത്രയെ ഇരുട്ടിനെ ഭയക്കാൻ പഠിപ്പിച്ചത്. പക്ഷെ അവളെ ഹൃദയങ്ങളെ ഭയപ്പെടാൻ പഠിപ്പിക്കുന്നത് ഈ ബന്ധങ്ങളാണ്.അവളാ കരുതൽ നമ്മളിലേക്കും പകരും :

“നിമിഷങ്ങൾക്കുള്ളിൽ അപ്രതീക്ഷിതമായി നിലച്ചുപോകാവുന്ന ഹൃദയവുംകൊണ്ട് നടക്കുന്ന മനുഷ്യരെ കാണുമ്പോൾ ചിത്രയ്ക്കിപ്പോൾ പേടിയാണ്. ജീവനും മരണവും ഒന്നിച്ചുവഹിക്കുന്ന ഒരു കുഞ്ഞു ഹൃദയം കൊണ്ടാണ് മനുഷ്യർ ഭൂമിയിൽ ഇത്രയധികം സ്നേഹിച്ചു കൂട്ടുന്നത്… വേദനിക്കുന്നത്… വെറുക്കുന്നത്… വഞ്ചിക്കുന്നത്… ഭയക്കുന്നത്… കൊല്ലുന്നതുപോലും…”

ഇതൊരു സ്ത്രീപക്ഷ നോവൽ ആണെന്ന് ആക്ഷേപം ഉയർന്നേക്കാം. കേന്ദ്രകഥാപാത്രങ്ങൾ ചിത്രയും, ലക്ഷ്മിയും ആയതുകൊണ്ടും; കഥ ചിത്രയുടെ കാലടികളെ പിന്തുടരുന്നത് കൊണ്ടും ഒരു പരിധിവരെ ഈ വാദം ശരിയാണ്. പക്ഷെ അപ്പോഴും സ്നേഹത്തിന്റെ പ്രതീകങ്ങളായി രാമനും, വേണുവും, അജയനും, ചന്ദ്രൻ മാമയുമെല്ലാം തലയെടുപ്പോടെ തന്നെ നിവർന്നു നില്കും. ലോകത്തിന്റെ ക്രൂരതകളിൽ നിന്ന് ഈ നോവലിലെ പുരുഷകഥാപാത്രങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട് എന്നു മാത്രം കുറിച്ചുകൊള്ളട്ടെ. പക്ഷെ അതവരുടെ തെറ്റുകളെ ന്യായീകരിക്കുന്നില്ല എന്നു മാത്രം.

എടിഎം കാർഡുകളുടെ ഒറ്റ ഉരസൽ കൊണ്ട് ഇന്ന് വേണ്ടതെല്ലാം കൈവെള്ളയിലാക്കാൻ കഴിവുള്ള ഭൂരിപക്ഷം കേരളീയർക്കും, തൊടിയിലെ ചേമ്പും ചേനയും റേഷനരിയും തോട്ടിലെ ബ്രാലും ഒക്കെ ഓടിനടന്നു പറക്കി കൂട്ടി ഭക്ഷണമുണ്ണാൻ ഇരിക്കുന്ന ഈ കുടുംബത്തിന്റെ കഥ ഒരു ഓര്മപെടുത്തലുമായിരിക്കും. ആ കാലഘട്ടത്തിന്റെ കഷ്ടപ്പാടുകളുടെ, അയിത്തങ്ങളുടെ,ജോലി തേടിയുള്ള പലായനങ്ങളുടെ, രാഷ്ട്രീയത്തിന്റെ. പക്ഷെ മറ്റൊന്ന് കൂടി ചിത്ര ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്നുണ്ട് – “പട്ടിണി മാത്രമല്ല അനീതി”.

You can also read this article at:

2 thoughts on “പുസ്തക നിരൂപണം: സി.എസ്. ചന്ദ്രികയുടെ നോവൽ ‘പിറ’

Leave a comment