
യാനം 2025
കേരളസർക്കാർ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ ലോകത്തിനു പരിചയപ്പെടുത്താനും, 25 കോടിയോളം രൂപ മുതൽമുടക്ക് വരുന്ന വികസനപദ്ധതികൾ ഈ മേഖലയിൽ പ്രഖ്യാപിക്കാനുമായി വർക്കലയിലെ രംഗം കലാ കേന്ദ്രത്തിൽ ഒക്ടോബർ 17, 18, 19 തീയതികളിൽ ഒരു സഞ്ചാര സാഹിത്യ ഫെസ്റ്റിവൽ സംഘടിപ്പിക്കുകയുണ്ടായി – യാനം 2025. ലോകമെമ്പാടും നിന്നുള്ള 48 സ്‌പീക്കർസിനൊപ്പം പരിപാടി കാണാനെത്തിയ 150ഓളം ഡെലിഗേറ്റസിൽ എനിക്കുമൊരു ഭാഗമാകാനായി. ഈ പരിപാടിയെകുറിച്ചു ഞാനെഴുതുന്ന ഒരു ബ്ലോഗ് സീരീസിലെ രണ്ടാമത്തെ കണ്ണിയാണ് ഈ പോസ്റ്റ്. ഈ പരിപാടിക്കിടെ ഞാൻ യാദൃശ്ചികമായി പരിചയപ്പെട്ട ഒരു എഴുത്തുകാരിയെയും അവരുടെ ഏറ്റവും പുതിയ പുസ്തകത്തെയും പരിചയപ്പെടുത്താനാണ് ഈ ബ്ലോഗ്.
എനിക്കീ പുസ്തകം കിട്ടിയ കഥ!
യാനത്തിന്റെ മൂന്നാം ദിവസം ഒക്ടോബർ 19, 2025, ഞായറാഴ്ച, ഒരു സെഷന്റെ ഇടയ്ക്ക്, എന്റെയൊരു സുഹൃത്ത് നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞതുകൊണ്ട് അവനെ കാണാനായി ഞാൻ പുറത്തേക്കിറങ്ങി. അപരിചിതരായ ഒരു കൂട്ടം ചെറുപ്പക്കാർ അപ്പൊ രംഗം കലാ കേന്ദ്രത്തിന്റെ മുൻപിലായി നിൽപ്പുണ്ടായിരുന്നു. ദൃതിയിലായതുകൊണ്ട് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു ഞാൻ പുറത്തേക്കു പോയി. യാനത്തിന്റെ സംഘാടകരോ, അല്ലെങ്കിൽ ഏതെങ്കിലും പത്രത്തിന്റെയോ ചാനലിന്റെയോ മീഡിയ ടീമോ, ഇനി അതുമല്ലെങ്കിൽ ഒരു കൂട്ടം പുസ്തകപ്രേമികളോ ആകും എന്നെ ഞാൻ കരുതിയുള്ളൂ.
അൽപനേരം കഴിഞ്ഞു ഞാൻ തിരിച്ചെത്തിയപ്പോഴും അവർ അവിടെ തന്നെയുണ്ടായിരുന്നു. അതിലൊരു ചെറുപ്പക്കാരൻ എന്നെ വന്നു പരിചയപ്പെടുകയും എനിക്കൊരു പുസ്തകം തരാനുണ്ടെന്നു പറയുകയും ചെയ്തു. എനിക്ക് എന്താ ഏതാ ഒന്നും മനസിലായില്ല. കിളി പോയി നിന്ന എന്നോട് പൈസ ഒന്നും വേണ്ടെന്നും, ഈ പുസ്തകം ഇന്നാർക്കെങ്കിലും കൊടുക്കണമെന്നുള്ളത് പുള്ളിക്കൊരാൾ കൊടുത്ത ടാസ്ക് ആണെന്നും പറഞ്ഞു. ആഹാ! വളരെ രസകരമായ ടാസ്ക്! ഞാൻ മനസ്സിലോർത്തു.
പല തവണ യാനത്തിന്റെ ബുക്ക്സ്റ്റോറിൽ കേറിയിറങ്ങി ഒട്ടുമിക്യ പുസ്തകങ്ങളെയും തിരിച്ചും മറിച്ചും വായിനോക്കിയെങ്കിലും ഉടനെ കുറേ യാത്രകളുള്ളത് കൊണ്ടും, പൈസ പിടിച്ചു ചിലവാക്കണമെന്ന ദൃഢപ്രതിജ്ഞയിലായതുകൊണ്ടും ഞാൻ അതുവരെ ഒരു പുസ്തകം മാത്രമേ വാങ്ങിച്ചിരുന്നുള്ളു. അപ്പോഴാണ് ഒരാൾ വന്നു എനിക്കിങ്ങോട്ടു ഒരു നല്ല പുസ്തകം സൗജനയുമായി തരുന്നത്. സ്വാഭാവികമായും ഞാൻ ഹാപ്പിയായി.
പുസ്തകത്തിന്റെ പുറംചട്ടയിൽ നല്ലഭംഗിയുള്ള ഒരു പെൺകുട്ടിയുടെ ഫോട്ടോ. ഞാൻ പുസ്തകത്തിന്റെ പേരും, എഴുത്തുകാരിയുടെ പേരും വായിച്ചു. ചിത്രശലഭങ്ങളെ വിട, ദിവ്യ വേലായുധൻ. ഞാൻ എടുത്ത വായിൽ ചോദിക്കുകയും ചെയ്തു, “ആരാ ഈ ദിവ്യ?”
“ഞാനാണ്” എന്ന് ആ കൂട്ടത്തിലെ ഒരു പെൺകുട്ടി പറഞ്ഞു. ശ്ശെടാ! സെയിം ഫേസ്. പുസ്തകത്തിന്റെ പുറംച്ചട്ടയിലെ അതെ മുഖം. എന്നാലും ഞാൻ നേരത്തെ ശ്രദ്ധിക്കാതെ പോയല്ലോ! അമളി പറ്റിയത് പുറത്തു കാട്ടാതെ ഞാൻ ചിരിച്ചു.
ഒരു പുസ്തകം എഴുതുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശ്രമകരമായ ജോലിയാണെന്ന് അത് ചെയ്തിട്ടുള്ളതുകൊണ്ടു എനിക്ക് നന്നായി അറിയാം. ഞാൻ ദിവ്യയോട് എന്റെ അഭിനന്ദനങ്ങളും പുസ്തകം തന്നതിലുള്ള നന്ദിയും അറിയിച്ചു. പുസ്തകം വായിച്ചിട്ട് അതിനെക്കുറിച്ച് എന്റെ ബ്ലോഗിൽ ഒരു വായനാസ്വാദനം എഴുതാം എന്ന് ഉറപ്പുകൊടുത്തിരുന്നു. അതാണ് നിങ്ങളീ വായിച്ചുകൊണ്ടിരുന്ന പോസ്റ്റ്.
രണ്ടു പുതിയ അമളികൾ
പുസ്തകത്തിന്റെ പേര് ‘ചിത്രശലഭങ്ങളെ വിട‘ എന്നായതുകൊണ്ട് ഇതൊരു പ്രണയ-വിരഹ കഥയായിരിക്കും എന്നായിരുന്നു എന്റെ മുൻവിധി. കുറച്ചു ദിവസങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ നവംബർ ആറിന് ഈ പുസ്തകം വെറുതെയൊന്നു മറിച്ചുനോക്കിയപ്പോഴാണ് എന്റെ പുതിയ രണ്ടു അമളികൾ ഞാൻ തിരിച്ചറിഞ്ഞത്.
ഒന്ന്… ഞാൻ വിചാരിച്ചിരുന്നത് പോലെ ഇത് ദിവ്യയുടെ ആദ്യത്തെ പുസ്തകമല്ല, അഞ്ചാമത്തെ പുസ്തകമാണ്. മാത്രവുമല്ല, Divyaverse പബ്ലിക്കേഷൻസ് എന്നൊരു പുസ്തകപ്രസിദ്ധീകരണ കമ്പനിയും അവർ നടത്തുന്നുണ്ട്.
രണ്ടു… ഞാൻ തെറ്റിദ്ധരിച്ചതു പോലെ ഇതൊരു പ്രണയകഥയല്ല. ദിവ്യ എന്ന മുപ്പത്തിമൂന്നുകാരിയിൽ തൈറോയ്ഡ് കാൻസർ കണ്ടെത്തിയതിന്റെയും തുടർന്ന് അവർ ആ കാൻസർ അതിജീവിച്ചതിന്റെയും കഥയാണ്. നേരത്തെ ഇത് മനസിലാക്കാതെ പോയത് എന്റെ മാത്രം മണ്ടത്തരമാണ്, കാരണം പുസ്തകത്തിന്റെ പുറംചട്ടയിൽ നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ “Beyond the butterfly scar… A cancer story…” എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ പുസ്തകത്തിന്റെ പിന്നിലെ സംഗ്രഹത്തിലും ഇതിനെ പറ്റി വിശദമായി പറയുന്നുണ്ട്.
“നിന്റെ കഥയെഴുത്തല്ല ബുക്ക് റിവ്യൂ. നിനക്ക് ആ പുസ്തകം എന്തുകൊണ്ട് ഇഷ്ടമായി, മറ്റൊരാൾ ആ പുസ്തകം എന്തിനു വായിക്കണം എന്നുമാത്രം എഴുതി നിർത്തിക്കോണം” എന്നാണ് എന്റെ വീട്ടിലെ ഹൈകമ്മാണ്ടിന്റെ ഓർഡർ. അതുകൊണ്ടു അഭിപ്രായം ചുരുക്കിപറയാം.
പുസ്തക നിരൂപണം
“വേദനകൾ പതിയെ ഞാനറിയൂ. എന്റെ മുഖത്തു വിഷമം കാണില്ല. എന്റെ വാക്കുകളിൽ പ്രയാസം ആരും അറിയില്ല. ഞാൻ ഒരു കള്ളിയാണ്. എനിക്ക് എളുപ്പത്തിൽ ഞാൻ പോലുമറിയാതെ പലതും മറയ്ക്കാൻ പറ്റും. പലതും. ഒരുവേള എന്നെത്തന്നെ പറ്റിക്കുകയാണ് എന്ന് സ്വയം മനസിലാക്കുക പോലും ചെയ്യാതെ ഞാൻ ജീവിച്ചു കളയും. അതാണ് ഞാൻ.”
ദിവ്യയുടെ തൊണ്ടയിലെ ഒരു കരകരപ്പു Papillary Carcinoma എന്ന തൈറോയ്ഡ് ക്യാന്സറാണെന്നു ഡോക്ടർ സ്ഥിരീകരിക്കുന്നതും, ജീവിതത്തിലിന്നേ വരെ തൈറോയ്ഡ് സംബന്ധമായ യാതൊരു അസുഖങ്ങളും വന്നിട്ടില്ലാത്ത തനിക്ക് ഒരു പക്ഷെ ജോലിസ്ഥലത്തെ mineral exposure കൊണ്ടാവാം അസുഖം വന്നതെന്ന നിഗമനത്തിൽ ദിവ്യ എത്തുന്നതും, തുടർന്നു ശസ്ത്രക്രിയയിലൂടെയും Radioactive Iodine തെറാപ്പിയിലൂടെയും ക്യാന്സറിനെ അതീജീവിക്കുന്നതുമാണ് ഈ ഓർമ്മകുറിപ്പിന്റെ ഇതിവൃത്തം.
വിഷയം ക്യാന്സറും അതിജീവനവുമാണെങ്കിലും, വളരെ ലളിതമായ, എന്നാൽ ഹാസ്യവും സിനിമ ഡയലോഗുകളുമൊക്കെ ചാലിച്ച രസകരമായ സംസാരഭാഷയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാത്തരം വായനക്കാർക്കും ഈ പുസ്തകം പ്രാപ്യമാണ്.
ആലങ്കാരികമായ ഭാഷയിൽ എഴുതിയാൽ മാത്രമേ സാഹിത്യമാകു എന്ന് വിശ്വസിക്കുന്നവരോട് പറയാനുള്ളത്, ഭാഷ ലളിതമാണെങ്കിലും എഴിതിയിരിക്കുന്നതൊക്കെയും തീക്ഷ്ണമായ ജീവിതാനുഭവങ്ങളെകുറിച്ചാണ്. അത് എന്നെ പോലെ നിങ്ങളെയും നല്ല ഇമോഷണലാക്കാൻ സാധ്യതയുണ്ട്.
“ഈ കഴിഞ്ഞ ഇടവത്തിൽ മുപ്പത്തിമൂന്നു വയസ്സാണ് എനിക്ക്. മൂന്ന് സ്കൂളുകൾ, രണ്ടു കോളേജുകൾ, മൂന്ന് പ്രണയങ്ങൾ, ഒരു വിവാഹം, ഒരു വിവാഹ മോചനം, പല പല ജോലികൾ, രണ്ടു രാജിക്കത്തുകൾ, അങ്ങനെ മുപ്പത്തിമൂന്നു വർഷങ്ങൾ കൊണ്ട് ഒരു അറുപതുവയസ്സ് ജീവിച്ചത്പോലെയായി. എന്നാലും ഒരിക്കലും മടുത്തിട്ടില്ല. ഇപ്പോഴും പ്രണയമുണ്ട്. പുതിയ ജോലിയുണ്ട്. എല്ലാത്തിലുമുപരി എന്റെ പരിഷ്കരിച്ച പതിപ്പ് വളരെ മനോഹരമാണ്. ഇപ്പോൾ ഞാൻ കടലുപോലെ ശാന്തവും കരപോലെ ദീർഘവുമാകാൻ കഴിവുള്ള ഒരു മനുഷ്യനാണ്.”
ആരെയും കൂസാതെയുള്ള തുറന്നെഴുത്താണ് എഴുത്തുകാരിയുടെ ശൈലി. അതിൽ പ്രിയപെട്ടവരോടുള്ള സ്നേഹവും പരിഭവങ്ങളുമുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, സാമ്പത്തികപ്രതിസന്ധികളുണ്ട്, ജോലിസ്ഥലത്തെ മേലധികാരികളോടുള്ള ദേഷ്യമുണ്ട്, ആന്തരിക മുറിവുകളുണ്ട്, കാൻസർ അതിജീവനമുണ്ട്, പക്ഷെ അതിനെല്ലാം ഉപരിയായി ചെറുത്തുനിൽപ്പുണ്ട്, പൊരുതലുണ്ട്, പുനർവിചിന്തനത്തിലൂടെയും പുനരാവിഷ്കാരത്തിലൂടെയുമുള്ള വൻ തിരിച്ചുവരവുകളുണ്ട്. ആ കാലഘട്ടങ്ങളിലൊക്കെ കൂടെ നിന്ന ഡോക്ടർമാർ, നഴ്സുമാർ, ലൈഫ് കോച്ച്, പാർട്ണർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കളോടുള്ള നന്ദിപറച്ചിലുണ്ട്.
ആദ്യം വായിച്ചു തുടങ്ങിയപ്പോൾ, ചില ഭാഗങ്ങളിൽ കുറച്ചു പരിഭവംപറച്ചിലും സ്വയംപൊക്കലും കൂടുതൽ അല്ലെ എന്ന് തോന്നിയിരുന്നു. ഞാൻ മെയ്യഴകനെ പോലെയാ എന്ന് പലയിടങ്ങളിൽ പരാമർശിച്ചപ്പോൾ അല്പം ആവർത്തനവിരസതയും തോന്നി. പക്ഷെ പുസ്തകത്തിന്റെ അവസാനമെത്തിയപ്പോൾ വളരെ നിഷ്കളങ്കമായ, ഒരുപാടു സ്നേഹമുള്ള, കുറച്ചധികം സത്യസന്ധയായ, inspiring ആയ ഒരു വ്യക്തിയുടെ ജീവിതം അടുത്തറിഞ്ഞതായാണ് തോന്നിയത്.
എനിക്കീ പുസ്തകത്തിൽ ഏറ്റവും ഇഷ്ടപെട്ടത് ദിവ്യയുടെ unapologetic ജീവിതവും തുറന്നെഴുത്തും തന്നെയാണ്. കാൻസർ കാലഘട്ടത്തിൽ to-do ലിസ്റ്റുകളിലൂടെയും ദിവസേനയുള്ള പോസിറ്റീവ് affirmationsലുടെയും നിരാശയിൽ വീണു പോകാതെ പിടിച്ചു നിന്നതും, സ്വന്തം ശരീരത്തോടും മുറിച്ചുമാറ്റിയ ശലഭാകൃതിയുള്ള തന്റെ തൈറോയ്ഡ് ഗ്രന്ഥിയോടും കൂടെ നിന്ന പ്രിയപെട്ടവരോടും നന്ദി പറഞ്ഞുകൊണ്ടെഴുതിയ കത്തുകളും ഒരു വായനക്കാരി എന്ന നിലയിൽ എന്നെ വൈകാരികമായി സ്പർശിക്കുകയും അല്പം കരയിപ്പിക്കുകയും ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളെ സധൈര്യം നേരിടാൻ ഒരു പ്രചോദനമായി മാറുകയും ചെയ്തു.
ഈ പുസ്തകത്തിൽ പലയിടത്തുമായി ദിവ്യയും പാർട്ണറായ അജീഷും പറയുന്ന ഒരു കാര്യമുണ്ട് – “ഞങ്ങൾ വെട്ടൊന്ന് തുണ്ടു രണ്ടു പാർട്ടീസ് ആണ്. അതായതു കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കും.” അതിനൊരു ഉദാഹരണം പറയാം. 164 പേജുകളുള്ള ഈ പുസ്തകം ദിവ്യ എഴുതി തീർത്തത് രണ്ടു ദിവസം കൊണ്ടാണ്, അതും കാൻസർ ചികിത്സയുടെ ഇടയിൽ. ഇതെഴുതുമ്പോൾ എന്റെ മുഖത്തൊരു ചമ്മൽ ചിരിയുണ്ട്, കാരണം ഈ ബ്ലോഗെഴുതി തീർക്കാൻ ഞാൻ 2-3 ദിവസമെടുത്തു. 😬
ഇത്രയും വലിയ ചികിത്സയുടെ ഇടയിലിരുന്നു ഒരു പുസ്തകമെഴുതി തീർക്കാൻ കാണിച്ച മനഃസാന്നിധ്യത്തിനും കരളുറപ്പിനും ശുഭാപ്തിവിശ്വാസത്തിനും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.
എഴുത്തിലും ജീവിതത്തിലും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എന്തിനും ഏതിനും കൂടെയുള്ള ആ സുഹൃത്തുക്കളുടെയും പ്രിയപെട്ടവരുടെയും സ്നേഹവലയം എന്നും ചുറ്റിനുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയുന്നു.
ഇനി പറയാനുള്ളത് സഹൃദയരോടാണ്. ജീവിതത്തിൽ ഉയർച്ചതാഴ്ചകളും ജയപരാജയങ്ങളും സാധാരണമാണല്ലോ? പക്ഷെ എന്തുകൊണ്ടോ ചില വീഴ്ചകളിൽ നമ്മൾ തളർന്നിരുന്നു പോകുന്നു. ചിലപ്പോൾ ചെറിയ തെറ്റുകൾക്കും കുറവുകൾക്കും പോലും നമ്മളോടും മറ്റുള്ളവരോടും ക്ഷമിക്കാൻ കഴിയാതെ എത്രയോ നാൾ നിരാശയുടെ പടുകുഴിയിലോ ദേഷ്യത്തിന്റെ മുഖംമൂടിക്കുള്ളിലോ നമ്മൾ സ്വയമൊതുങ്ങുന്നു. നമ്മളുടെയിടയിൽ ഇപ്പോഴും അത്തരം മാനസിക സങ്കർഷങ്ങളിലൂടെ കടന്നു പോകുന്നവർക്ക്, കാൻസർ ചികിത്സയിലായിരിക്കുന്നവർക്കു, കാൻസർ അതിജീവിച്ചവർക്കു, അവരുടെ പ്രിയപ്പെട്ടവർക്ക് എന്തുകൊണ്ടും ദിവ്യയുടെ ജീവിതം നല്ലൊരു മാതൃകയും, ഈ പുസ്തകം അതിജീവനത്തിന്റെയും, ചേർത്തുപിടിക്കലിന്റെയും മികച്ചൊരു വായനാനുഭവവുമാകും.
Reviewer’s Notes
~ All quotations used in this post are from the reviewed book Chithrashalabhangale Vida by Divya Velayudhan.
~ All other content on this book review is the intellectual property of the reviewer. © 2025 Lirio Marchito. All rights reserved.
~ You can read all the blogs in the Yaanam 2025 series here: Yaanam2025.
